Friday, February 21, 2014

തട്ടിപ്പിന്‍റെ പുതിയ രൂപങ്ങള്‍

സുഹൃത്തിന്‍റെ താമസസ്ഥലത്തിനടുത്തുള്ള കൊടുങ്ങല്ലൂരുകാരന്‍ അബ്ദുക്കയുടെ ബകാലയില്‍ അവനുമോന്നിച്ചു സിഗരറ്റിനു തിരികൊളുത്താന്‍ കയറിയതായിരുന്നു . നാട്ടുവര്‍ത്തമാനങ്ങള്‍ പറയുന്നതിനിടെയാണ് ഒരു അപരിചിതന്‍ സലാം പറഞ്ഞു അങ്ങോട്ട്‌ കയറിവന്നത്. അറബികള്‍ ധരിക്കുന്ന വെള്ള തൂപ്പും നാട്ടിലെ മൊല്ലാക്കയുടെ തലപ്പാവുമായി ഒരു ഇന്‍ഡോ- അറേബ്യന്‍..!

സലാം പറഞ്ഞു ഉഷാറായി കയറി വന്ന ആള്‍ കടയില്‍ കസ്റ്റമര്‍ ഉണ്ടെന്നു കണ്ടതിനാലാകാം ഒരു ഓരത്ത് മാറിനിന്നു അബ്ദുക്കയുടെ ചലനങ്ങളെ വീക്ഷിച്ചു കൊണ്ടിരുന്നു.. വന്നയാള്‍ക്കുള്ള പരിഗണന മാനിച്ചു ഞങ്ങളും സംസാരം നിറുത്തി.. കുറച്ചു നിമിഷം അവിടെ തളംകെട്ടിയ നിശബ്ദദയെ ഭേദിച്ചുകൊണ്ട് സുഹൃത്ത്‌ പറഞ്ഞു." അബ്ദുക്കാ... ഞങ്ങള് പോട്ടെ " " ഹേ.. ഇങ്ങള് പോകല്ലീന്നു.. അവടെ പോയിട്ടിപ്പോ ഇങ്ങക്ക് പണിയൊന്നുമില്ലല്ലോ.." ഞങ്ങളും മലയാളികളെന്നു മനസ്സിലായപ്പോഴാകണം അപരിചിതന്‍ തന്റെ മുഖത്ത് കൃത്രിമമായൊരു ദൈന്യതയുണ്ടാക്കി കാര്യങ്ങളിലേക്ക് കടന്നു..
"ഞാന്‍ ഹംസ .. നാട്ടില് മലപ്പുറം ജില്ലയിലെ പുത്തനത്താണി.. അവിടെ ഒരു പള്ളീലെ മുക്രിയാണ്.. ചെറിയ ശമ്പളം ആണ് കിട്ടുന്നത് .. എനിക്ക് മൂന്നു പെണ്മക്കള്‍ .. രണ്ടു പേരുടെ കല്യാണം കഴിഞ്ഞു.. താഴെയുള്ള കുട്ടിക്ക് ആലോചനകള്‍ വന്നു കൊണ്ടിരിക്കുന്നു.. ഇങ്ങള്‍ക്ക്‌ പറ്റുന്നത് പോലെ സഹായിക്കുകയാണേല്‍ ഓള്‍ടെ കല്യാണോം ഭംഗിയായി നടക്കും.. " പഠിച്ചു വെച്ച കാര്യങ്ങളത്രയും ഒറ്റ ശ്വാസത്തില്‍ അദ്ദേഹം വ്യക്തമാക്കി..

സംസാരം കേട്ടപ്പോള്‍ മനസ്സിലായി.. ആള് അസ്സല് മലബാറി തന്നെയാണ്..
പക്ഷെ എനിക്കൊരു സംശയം.. പുത്തനത്താണിയിലെ ഇയാളെങ്ങനെ ഇവിടെ ദോഹയിലെത്തി.. അതോ ഞാന്‍ ഇപ്പോള്‍ നാട്ടിലാണോ..?
സംശയം ഞാന്‍ അദ്ദേഹത്തോടുതന്നെ പങ്കുവെച്ചു.. അപ്പോഴല്ലേ കഥയറിയുന്നത്.. മകളുടെ കല്യാണത്തിന് പിരിവിനായ്‌ വിസിറ്റ് വിസയുമെടുത്ത് ഇങ്ങോട്ട് കയറിവന്നതാണ്..

കാലം പുരോഗമിക്കുമ്പോള്‍ ആളുകളും പുരോഗമിക്കുമെന്നു സത്യമായും അപ്പോഴെനിക്കു മനസ്സിലായി.. കാരണം വിസിറ്റ് വിസയില്‍ ഇവിടെ എത്താന്‍ ചുരുങ്ങിയത് നാല്‍പതിനായിരം രൂപയെങ്കിലും ചെലവുവരും .. പിന്നെ താമസം ഭക്ഷണം അത് വേറെ.. അപ്പോള്‍ അത്രയും മുതല്‍മുടക്കിയാലും ലാഭം കിട്ടുമെന്ന് ഉറച്ചവിശ്വാസമുള്ളത് കൊണ്ട് തന്നെയാണ് ഈ യാത്ര..
മേശവലിപ്പില്‍ നിന്നും എന്തോ എടുത്തു ( റിയാല്‍ തന്നെയാകും ) അബ്ദുക്ക ഒരു ചെറു പുഞ്ചിരി മുഖത്ത് വരുത്തി ആഗതന്റെ കൈവള്ളയില്‍ ചുരുട്ടി വെച്ച് കൊടുത്തു.. കിട്ടിയത് എന്തെന്ന് നോക്കാതെ അദ്ദേഹം അത് തന്റെ പോക്കറ്റില്‍ നിക്ഷേപിച്ചു സലാം പറഞ്ഞു ഇറങ്ങിപ്പോയി..

എനിക്കാകെ സംശയം.. ഇതെന്തു കഥ.. നാട്ടില്‍ നിന്നും ഒരാള്‍ പണം മുടക്കി ഇവിടെ പിരിവിനു വരുന്നു.. സത്യമാണോ , മിഥ്യയാണോ എന്നന്യേഷിക്കാതെ അബ്ദുക്ക അവരെ കൈയയച്ചു സഹായിക്കുന്നു..
ഞാന്‍ ചോദിച്ചു .. " അല്ലബ്ദുക്കാ.. അയാള് പറഞ്ഞത് നേര് തന്നെയാണോ..?"
അബ്ദുക്ക ചിരിച്ചു കൊണ്ട് " അത് അവരും പടച്ചവനും കൂടി ആയ്ക്കോട്ടെ.."
പിന്നൊന്നും ഞാന്‍ ചോദിച്ചില്ല..

കടയില്‍ നിന്നും ഇറങ്ങവേ സുഹൃത്ത്‌ പറഞ്ഞു..
" ഡാ ഇവിടെ ആഴ്ചയില്‍ കുറഞ്ഞത്‌ മൂന്നു പേരെങ്കിലും ഇതുപോലെ വരും.. ഇയാള്‍ വരുന്നവര്‍ക്കൊക്കെ കൊടുക്കേം ചെയ്യും.. അയാളുടെ കാര്യം തന്നെ ആകെ പരുങ്ങലിലാ.. നാല് പെണ്മക്കളാണ് ആ കാക്കയ്ക്ക്.. രണ്ടു കുട്ടികളുടെ കല്യാണം കഴിഞ്ഞിട്ടുള്ളൂ.. ബാക്കിയുള്ളതീങ്ങളെ കേട്ടിക്കനായി.. ഈ ഏരിയ പൊളിക്കാന്‍ പോവുകയാ.. ഏറിവന്നാല്‍ രണ്ടു കൊല്ലം കൂടിയുണ്ടാകും ഈ കട.. ദിവസവും പതിനഞ്ചു മണിക്കൂറോളം റസ്റ്റില്ലാതെ ഇയാള്‍ ഈ കടയില്‍ ഉണ്ടാകും.. സഹായത്തിനു ആരും ഇല്ല..
ആ പാവതിനെയും പറ്റിക്കാന്‍ ഓരോ അലവലാതികള്‍ .. "
അവന്‍ പങ്കുവെച്ചത് അവന്റെ സങ്കടം..

അല്ല.. തട്ടിപ്പിന് വരുന്നവരെ പറഞ്ഞിട്ടും കാര്യമില്ല... അവരെ ആകര്‍ഷിക്കാന്‍ അബ്ദുക്കമാര്‍ ഒരുപാടുണ്ടാകും ഇവിടെ.. !

മാറ്റം

രംഗം ഒന്ന്.. 
വീട്ടിലെ ഒരു പെണ്ണു കാണല്‍ ചടങ്ങ്..
ഒരു വലിയ കുടുമ്പത്തില്‍ നിന്നും ഓല മേഞ്ഞ വീട്ടില്‍ പെണ്ണു കാണാനെത്തുന്ന വിശാല മനസ്കനെ കാണാന്‍ ആകാംക്ഷയോടെ കുടുമ്പക്കാരും , അയല്‍വാസികളും.. 
വെളുത്ത മാരുതി സ്വിഫ്റ്റില്‍ വന്നിറങ്ങിയ ചെറുക്കനേയും , കൂട്ടുകാരെയും ആരാധനയോടെ നോക്കി ചുറ്റും കൂടി നില്‍ക്കുന്നവര്‍.. 
പെണ്ണിനെ ഇഷ്ട്ടമായി എന്നും, വീട്ടുകാരെ ഉറപ്പിക്കാനായി പരഞ്ഞുവിടാമെന്നും പറഞ്ഞു അവര്‍ പിരിഞ്ഞു.

രംഗം രണ്ടു..

വിവാഹ വേദി..!
ആര്‍ഭാടങ്ങള്‍ ഒന്നും തന്നെയില്ലാതെ നാടിനു മാതൃകയാകും വിധം ഒരു കല്യാണം..
ഒരു പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടിയെ തന്റെ ജീവിത സഖിയാക്കാന്‍ സന്മനസ്സു കാണിച്ച ചെറുക്കന് സര്‍വ്വ ഐശ്വര്യങ്ങളും നേര്‍ന്നു നാട് മുഴുവന്‍ മന്ത്രിച്ചു..
" ബാവക്കാന്റെ കഷ്ട്ടപ്പാട് തീരാന്‍ പോകുന്നു.. "
അതെ...
അത് തന്നെ സംഭവിച്ചു..
ഗള്‍ഫില്‍ ബിസിനസ്സുകാരനായ മരുമകന്‍ മകളെ ഗള്‍ഫിലേക്ക് കൊണ്ടുപോയി..
ഡിഗ്രി വിദ്യാഭ്യാസമുള്ള മകള്‍ക്ക് അവളുടെ ഭര്‍ത്താവ് നല്ലൊരു ശമ്പളത്തില്‍ അദ്ദേഹത്തിന്‍റെ ഓഫീസില്‍ തന്നെ ജോലിയും കൊടുത്തു..
രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം തനിക്കു ലഭിച്ച ശമ്പള തുക കൊണ്ട് മകള്‍ അയാളുടെ വീട് ഓലയില്‍ നിന്നും കൊണ്ക്രീറ്റ് പുരയാക്കി..
ഇളയ മകനെ ഗള്‍ഫിലേക്ക് കൊണ്ടുപോയി.
അയാളുടെ ജീവിത നിലവാരത്തിന്റെ ഗ്രാഫ് കുത്തനെ ഉയര്‍ന്നു...

രംഗം മൂന്നു... !

അയാളുടെ ഇളയ മകന്റെ കല്യാണം ..!
ആ നാട് കണ്ടത്തില്‍ വെച്ചേറ്റവും ആര്‍ഭാട പൂര്‍വ്വമായ വിവാഹം.. !
"കാശുള്ള വീട്ടിലെ " ചെറുക്കന്‍ മോശമാക്കിയില്ല...
അവന്റെ ബാപ്പയും..!

കറുത്ത അദ്ധ്യായങ്ങള്‍



ദുരന്തങ്ങളും , സങ്കടങ്ങളും വിറ്റ് പണമുണ്ടാക്കുന്ന ഒരു ടെലിവിഷന്‍ ചാനലിന്റെ പുതിയ എപ്പിസോഡിന്‍റെ ചിത്രീകരണ വേദി.. സ്ഥലം ഒരു വൃദ്ധസദനം..!
മുഖത്ത് തേച്ചുപിടിപ്പിച്ച മേയ്ക്കപ്പിനും , ചുണ്ടില്‍ പൂശിയ ചായത്തിനും ഭംഗം വരുത്താതെ ഇടയ്ക്കിടെ പൊഴിക്കുന്ന സങ്കടക്കണ്ണീരിനെ തൂവാലകൊണ്ട് ഒപ്പിയെടുത്തു ഓരോ അന്തേവാസികളോടും അവരുടെ ദുരന്തകഥകള്‍ പറയിപ്പിച്ചു അവതാരിക തന്‍റെ ജോലി ഭംഗിയായി നിര്‍വ്വഹിക്കുന്നു..!
അടുത്തത് അയാളുടെ ഊഴമായിരുന്നു..
മെലിഞ്ഞുണങ്ങിയ ആ കോലം കേമറക്കണ്ണുകള്‍ നന്നായി ഒപ്പിയെടുത്തു..
ചിരിച്ചു കൈകൂപ്പി വന്ന അവതാരിക പെട്ടെന്ന് മുഖത്ത് സങ്കടം വരുത്തിത്തീര്‍ത്തു അയാളോട് ചോദിച്ചു..
"അച്ഛന്‍ ഇവിടെയെത്തിയിട്ട് ഒത്തിരികാലമായോ?"

"അതേ മോളെ.. ഞാന്‍ ഒരുകൊല്ലം കഴിഞ്ഞു."
അയാളുടെ സങ്കടത്തിന്റെ അണപൊട്ടിയൊഴുകി.

"അച്ഛന് ആരൊക്കെയുണ്ട് "
"എനിക്ക് എല്ലാരുമുണ്ട് മോളേ.. എന്നിട്ടും ഞാന്‍ ആരുമില്ലാത്തോനായി.."
അയാള്‍ മൂക്കുചീറ്റി മുണ്ടില്‍ തുടച്ചുകൊണ്ട് അടുത്ത ചോദ്യത്തിനായി അവതാരികയുടെ മുഖത്തേക്ക് നോക്കി..
"ഇവിടെ അച്ഛന് സുഖമല്ലേ..?
"അതെ.. മോളെ.. എനിക്ക് ഇവിടെ ഒരു കുറവുമില്ല.."
അവതാരിക അറച്ചറച്ചു അയാളുടെ മുഖത്ത് തടവിയെന്നുവരുത്തിക്കൊണ്ട് സമാധാനിപ്പിച്ചു പറഞ്ഞു ..
"അച്ഛന്റെ വിഷമം മക്കള് കാണും .. അവര് അച്ഛനെ തിരികെ കൊണ്ടുപോകും.."
അയാള്‍ അനുസരണയുള്ള കുട്ടിയെപോലെ തലയാട്ടി അവതാരികക്ക് ഉത്തരം കൊടുത്തു .
************************************************

ഒരു ഫ്ലാഷ് ബാക്ക് ..

ദിനവും മദ്യപിച്ചു ലക്കുകെട്ട് ഭാര്യയുമായി വഴക്കിടുന്ന അയാള്‍..
അയാളുടെ ഇടിയും തൊഴിയും ഏറ്റുവാങ്ങി ജീവിതം തള്ളിനീക്കുന്ന അയാളുടെ ഭാര്യ പറക്കമുറ്റാത്ത മൂന്നു കുഞ്ഞുങ്ങളെയും വാരിപ്പുണര്‍ന്നു തന്റെ ദുര്‍വിധിയോര്‍ത്ത് നെടുവീര്‍പ്പിട്ടു..
കുടുമ്പക്കാരുടെയും അയല്‍ക്കാരുടെയും വെറുപ്പ്‌ വേണ്ടുവോളം സമ്പാദിച്ച അയാള്‍ ഒരുമാറ്റവുമില്ലാതെ വര്‍ഷങ്ങള്‍ തള്ളിനീക്കി ..!
തന്റെ യൌവനമത്രയും ഭര്‍ത്താവിനും മക്കള്‍ക്കും വേണ്ടി ചെലവഴിച്ച അയാളുടെ ഭാര്യ ആയുസ്സോടുങ്ങാതെ മരണത്തെ പുല്‍കി..!
ബന്ധുക്കളുടെ സംരക്ഷണത്തില്‍ വളര്‍ന്ന കുട്ടികള്‍ മിടുക്കരായി സമൂഹത്തില്‍ വളര്‍ന്നു .
അയാള്‍ അപ്പോഴും തന്റെ ജീവിത ശൈലിയില്‍ മാറ്റം വരുത്താതെ മുന്നോട്ടുപോയി..!
മക്കളുടെ മനസ്സില്‍ വേണ്ടുവോളം വെറുപ്പ്‌ അയാള്‍ തന്നെ കോരിയിട്ടു ..
മക്കളുടെ സന്തോഷം നിറഞ്ഞ കുടുമ്പ ജീവിതത്തിനു അനുവദിക്കാതെ വന്നപ്പോള്‍ അയാള്‍ തെരുവിലെറിയപ്പെട്ടു ..!

**********************************************

തീന്‍ മേശക്കരികിലെ ടെലിവിഷനില്‍ അയാളുടെ ദയനീയത മലയാളികള്‍ വേണ്ടുവോളം ആസ്വദിച്ചു . ഒത്തിരിപേരുടെ ശാപവാക്കുകള്‍ ഏറ്റുവാങ്ങിയ അയാളുടെ മക്കളുടെ മനസ്സില്‍ അയാളുടെ മുഖം വെറുപ്പിന്റെ കൊടുമുടി കയറിയിരുന്നു..!

ഒരു പുതുവര്‍ഷ ഓര്‍മ്മ

ഒരു പുതുവര്‍ഷപ്പുലരിയുടെ ലഹരിയില്‍ ലോകം അലിഞ്ഞുചേരാന്‍ ദിനങ്ങള്‍ മാത്രം ബാക്കി.

2006 ല്‍ ഇതുപോലൊരു സന്തോഷപ്പുലരിയിലാണ് ഞങ്ങള്‍ മരീനാ ബീച്ചിലെ ആഘോഷങ്ങളുടെ ഭാഗമായത്. മരീനാ ബീച്ചിലെ മണല്‍ പരപ്പില്‍ ഇരുന്നും കിടന്നും ഞാങ്ങളത്രയും കൂടെക്കൂട്ടിയത് ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നു. കൂട്ടത്തില്‍ കഥപറച്ചിലിലെ മിടുക്കനായ ഫസലായിരുന്നു അവന്റെ ജീവിത ലക്‌ഷ്യങ്ങളെ കുറിച്ചുള്ള സ്വപ്നങ്ങളെ ആ പാതിരാത്രിയില്‍ ഞങ്ങളിലേക്ക് പകര്‍ന്നതു . ശേഷം ബാക്കിയുള്ളവരും തങ്ങളുടെ സ്വപ്നങ്ങലത്രയും ആ നക്ഷത്ര വെളിച്ചത്തില്‍ പങ്കുവെച്ചു. ചുണ്ടില്‍ നിന്നും ഒരിക്കലും ചിരിയെ മായ്ക്കാത്ത ഇര്‍ഷാദ് അപ്പോഴും ചിരിച്ചു കൊണ്ടായിരുന്നു അവന്റെ കുഞ്ഞു സ്വപ്നങ്ങളുടെ ചെപ്പു തുറന്നത്.
ഇര്‍ഷാദിനു സ്വപ്‌നങ്ങള്‍ കുറവായിരുന്നു..


മരീനാ ബീച്ചിലെ ഒഴിഞ്ഞ കോണിലിരുന്നു ഞങ്ങള്‍ എഴുപെരടങ്ങുന്ന സംഘം ആര്‍ത്തു ചിരിച്ചത് സൈതലവി എന്ന ഒറ്റയാളുടെ തമാശക്കഥകളിലൂടെയായിരുന്നു .
പുതുവര്‍ഷത്തെ വരവെല്‍ക്കുന്നതിന്റെ ഭാഗമായി മരീനയില്‍ ഉയര്‍ന്നുപൊങ്ങിയ വര്‍ണ്ണമഴയെ കണ്കുളിര്‍ക്കെ ആസ്വദിച്ച ഞങ്ങള്‍ പിരിയും മുന്‍പേ പരസ്പരം ആശ്ലേക്കുന്ന വേളയില്‍ ഇര്‍ഷാദ് എന്നോട് പറഞ്ഞു.. ഈ സുന്ദരദിനത്തിനു , ആസ്വാദനത്തിനു അവസരമൊരുക്കിത്തന്ന സുഹൃത്തെ.. , ഇതുപോലൊരു ദിനം ഞാന്‍ എന്റെ ജീവിതത്തില്‍ അനുഭവിച്ചിട്ടില്ല.. !

ചെന്നയില്‍ എനിക്ക് കിട്ടിയ സുഹൃത്തുക്കളില്‍ വളരെ വ്യെതസ്തനായിരുന്നു ഇര്‍ഷാദ്.
മലപ്പുറം വേങ്ങര സ്വദേശി. വന്നാര്‍പെട്ടയിലെ ഒരു ചായക്കടയില്‍ "ടീ മാസ്റ്റര്‍ " ആയ ഒരു ചിരിക്കുട്ടന്‍.
സിനിമയെ ഒരുപാട് സ്നേഹിച്ച ഇര്‍ഷാദ്.. കഥാപാത്രങ്ങളുടെ നിസ്സഹായാവസ്ഥയുടെ നീറ്റല്‍ കൂടെ കൊണ്ടുനടക്കുന്ന ഇര്‍ഷാദ്, നായകന്‍റെ വീരചരിതം സന്തോഷത്തോടെ കൂട്ടുകാര്‍ക്ക് പങ്കുവെക്കുന്ന ഇര്‍ഷാദ്..

ആ വര്‍ഷം ജൂണിലാണ് മനസ്സ് നുറുങ്ങുന്ന വാര്‍ത്തയെത്തിയത്. ഞങ്ങളുടെ ഇര്‍ഷാദ് അര്‍ബുദം എന്ന വേദനക്ക് കീഴ്പ്പെട്ടിരിക്കുന്നു. ചികിത്സക്കായി ഇര്‍ഷാദിനെ കോഴിക്കോടും,തൃശൂരും , തിരുവനന്തപുരത്തുമായി പ്രവേശിച്ചപ്പോഴും ഈ സന്തോഷം നിറഞ്ഞ ലോകത്തിലേക്ക്‌ തിരികെവരും എന്ന ശുഭപ്രതീക്ഷയിലായിരുന്നു അവന്‍. . ആറുമാസത്തെ ചികിത്സക്ക് ശേഷം വേദനയില്‍ നിന്നും മുക്തനായി രണ്ടായിരത്തി ഏഴു ജനുവരിയില്‍ അവന്‍ ചെന്നയില്‍ തിരികെയെത്തി ഞങ്ങള്‍ സുഹൃത്തുക്കളുടെ കൂടെ രണ്ടുമാസം ചിലവഴിച്ചു.

2007 ജൂലായിലാണ് ഖത്തറിലേക്കുള്ള യാത്രപറച്ചിലിനായി ഞാന്‍ വേങ്ങരയില്‍ ഇര്‍ഷാദിന്റെ വീട്ടിലെത്തിയത്. ആ സമയം ഒരു ചെറിയ ഇടവേളയ്ക്കു ശേഷം അവന്റെ അസുഖം അവനെ വേട്ടയാടിത്തുടങ്ങിയിരുന്നു.
ഊരകം മല കയറണമെന്നത് എന്റെ വലിയ ഒരാഗ്രഹമായിരുന്നു. പലപ്പോഴും ഞാനവനോട് ഈ കാര്യം പറയുകയും ചെയ്തിരുന്നു. അന്ന് അസുഖബാധിതനായ അവന്‍ എന്റെ ആഗ്രഹം ഓര്‍മ്മിപ്പിച്ചു. "നമുക്ക് മലകയറാന്‍ പോയാലോ?"
ഹേയ്.. ഞാനില്ല... നിന്‍റെ ഇപ്പോഴത്തെ അവസ്ഥയില്‍ യാത്ര ചെയ്യാന്‍ പാടില്ലാതതല്ലേ..."
ഞാനെന്റെ ആശങ്ക പങ്കു വെച്ച്..
ഇല്ലെടാ... ഞാനിപ്പോള്‍ ഓകെയാണ്.. .. വാ നമുക്ക് മലയില്‍ പോകാം...
എന്റെയും അവന്റെ വീട്ടുകാരുടെയും എതിര്‍പ്പ് അവന്‍റെ വാശിക്കുമുന്പില്‍ മാറ്റിവെക്കേണ്ടിവന്നു. അവന്റെ ഒരു സുഹൃത്തും ഞാനും അവനും കൂടി രണ്ടു ബൈക്കുകളിലായി ഊരകം മലയുടെ മുകളിലേക്ക്.... എന്റെ ബൈക്കിന്റെ പുറകില്‍ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു...
"ഇനി നമ്മള്‍ ചിലപ്പോള്‍ കണ്ടെന്നു വരില്ല. എന്നെ മറക്കരുത്.. എനിക്ക് വേണ്ടി പ്രാര്‍ത്തിക്കുക... "

എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല.. ശ്വാസം കിട്ടാത്ത അവസ്ഥയിലായിരുന്നു ഞാന്‍..

ഞാനിവിടെയെത്തി നാലുമാസം കഴിഞ്ഞപ്പോള്‍ നാട്ടില്‍ നിന്നും സൈതലവിയുടെ കോള്‍ ..

ഇര്‍ഷാദ് ...... .........

അവന്റെ വാക്കുകളെ മുഴുവനായും കേള്‍ക്കുന്നതിനു മുന്‍പേ ഞാന്‍ കട്ട് ചെയ്തു..



മറക്കാത്ത കുറ നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച എന്റെ പ്രിയകൂട്ടുകാന്റെ ഓര്‍മ്മയ്ക്ക്‌ മുന്‍പില്‍ .. 

ആധുനിക യുഗത്തിലെ ഇത്തിള്‍ കണ്ണികള്‍..!



റഫീക്ക് ഒരു പല ചരക്കു കടയിലെ ജീവനക്കാരനായിരുന്നു. വീട്ടിലെ ആറുമക്കളില്‍ മൂത്തവന്‍.
ദാരിദ്ര്യം കാര്‍ന്നു തിന്നുന്ന ഒരു കുടുമ്പത്തിലെ മൂത്ത ആണ്‍തരി ആയതിനാല്‍ താഴെയുള്ളവര്‍ക്കായി തന്റെ ബാല്യം ഉഴിഞ്ഞു വെക്കേണ്ടി വന്നവന്‍.
അങ്ങനെ പന്ത്രണ്ടാം വയസ്സില്‍ സൈതാലിക്കയുടെ പലചരക്ക് കടയില്‍ ജീവനക്കാരനായി അവനെത്തി.
കടയിലെ തിരക്കില്‍ നിന്നും അല്‍പ സമയത്തെ വിശ്രമം പ്രതീക്ഷിച്ചു മാത്രമാണ് അവന്‍ കടയോട് ചേര്‍ന്ന് നില്‍ക്കുന്ന പള്ളിയില്‍ സ്ഥിരമായി പ്രാര്‍ഥിക്കാനെത്തിയത്. സ്ഥിരമായി പള്ളിയില്‍ വരുന്ന റഫീക്ക് അങ്ങനെ ആ പരിസരത്തെ വിശ്വാസികളുടെ കണ്ണിലുണ്ണിയായി.
റഫീക്ക് ആത്മാര്‍ഥമായി ജോലി ചെയ്യാന്‍ തുടങ്ങിയപ്പോള്‍ സൈദാലിക്ക അദ്ദേഹത്തിന്‍റെ കച്ചവട തന്ത്രങ്ങള്‍ ഒന്നൊന്നായി രഫീകിനു പങ്കുവെച്ചു. രഫീകിന്റെ കച്ചവടമനസ്സ് വികസിക്കുന്നത് അവിടെനിന്നാണ്.
വര്‍ഷങ്ങള്‍ രണ്ടുമൂന്നു പോകെ രഫീക്കിനു മറ്റൊരു നേട്ടവും ജീവിതത്തില്‍ ലഭിച്ചു.
പള്ളിയില്‍ പുതുതായി വന്ന മുസ്ല്യാരുടെ കീഴില്‍ രാത്രി ഒന്‍പതു മുതല്‍ പത്തു വരെ "ദര്സ്"പഠനത്തിനുള്ള അവസരം.
സ്ഥിരമായി പള്ളിയില്‍ വരുന്ന ആ ബാലന് ദീന്‍ പറഞ്ഞുകൊടുക്കാന്‍ മുസ്ല്യാര്‍ ഉത്സാഹം കാണിക്കുകയായിരുന്നു.
"അറിവ്"നേടിയ റഫീക്ക് ആ സമൂഹത്തിലെ ഏറ്റവും പ്രിയപ്പെട്ടവനായി മാറാന്‍ അധിക കാലമൊന്നും വേണ്ടിവന്നില്ല....!

ഒരു ബന്ധുവിന്‍റെ മരണത്തെ തുടര്‍ന്ന് മയ്യിത്ത്‌ നമസ്കാരത്തിന് നേതൃത്വം കൊടുത്ത റഫീക്ക് , തുടര്‍ന്ന് വന്ന ഏഴു ദിവസങ്ങളിലും "മന്കൂസ്"മൌലീദ് ഓതി പേരിന്‍റെ അറ്റത് "മുസ്ല്യാര്‍ " എന്നാ സ്ഥാനം നേടി..!

റഫീക്ക് മുസ്ല്യാര്‍ എന്നാ ഒരു സിദ്ധന്‍ അവിടെനിന്നും ഉടലെടുക്കുകയായിരുന്നു.
ഇന്ന് നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും "മുസ്ല്യാരെ "തേടി "ഭക്തര്‍ " എത്തുന്നു

സംഘര്‍ഷ ഭരിതമായ ആധുനിക സമൂഹത്തിന്റെ മനസ്സ് നന്നായി മനസ്സിലാക്കിയെടുത്ത മുസ്ല്യാര്‍ക്ക് ഒരു കോടീശ്വരനാകാന്‍ സൈദാലിക്ക പങ്കുവെച്ച ബിസിനസ് തന്ത്രങ്ങള്‍ മാത്രം മതിയായിരുന്നു.

*****************************************

പൊന്നാനിക്കാരന്‍ പോക്കര്‍ക്കയുടെയും , ഹാജിക്കയുടെയും പറമ്പുകളിലെ തൊഴിലാളി ആയിരുന്നു കുമാരന്‍.
നാട്ടിലെ മറ്റു കൂലിപ്പണിക്കാരെ പോലെ രാവന്തിയോളം പണിയെടുത്തു ലഭിക്കുന്ന തുകയില്‍ വലിയൊരു ശതമാനവും കള്ളുഷാപ്പിലെ മേശ വലിപ്പിലേക്ക് എറിഞ്ഞു കൊടുക്കുന്ന ഒരു ഗ്രാമീനനായിരുന്നില്ല കുമാരന്‍ . ആതാമാര്തമായി ജോലിചെയ്തു ലഭിക്കുന്ന കൂലികൊണ്ടു സസന്തോഷം ജീവിച്ചുപോകുന്ന ഒരുകുടുംപതിന്റെ എല്ലാമായിരുന്നു കുമാരന്‍. രാവിലെ വാസുവേട്ടന്റെ ചായക്കടയില്‍ സ്ഥിരമായെത്തി , ഒരു ചായയും കുടിച്ചു മാതൃഭൂമിയും, മനോരമയും മനപ്പാടമാക്കുന്ന കുമാരന്‍. ആവിശ്യമുള്ള ചര്‍ച്ചകളില്‍ പങ്കെടുത്തും, അനാവിശ്യമായ ചര്‍ച്ചകളില്‍ നിന്നും വിട്ടുനിന്നും നാട്ടുകാരുടെ ഇഷ്ട്ടതോഴനായ കുമാരന്‍.. !
എല്ലാ വര്‍ഷവും തരവാട്ടമ്പലത്തിലെ താലപ്പോലിക്കു വെളിച്ചപ്പാടാകുന്ന കുമാരന്‍ , പക്ഷെ ഒരു വെളിച്ചപ്പാടിന്റെ ലേബലില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കാതെ ജീവിച്ചു..!

വര്‍ഷങ്ങള്‍ കടന്നുപോയി...!
പറമ്പില്‍ നിന്നുള്ള അദായങ്ങള്‍ ലഭിക്കാതെ വന്നപ്പോള്‍ മുതലാളിമാരെല്ലാം പറമ്പുകള്‍ മുരിച്ചുവിറ്റു..!
മറ്റൊരുജോലിയും ചെയ്തുവശമില്ലാത്ത കുമാരന്‍ ജീവിക്കാനുള്ള മറ്റൊരു മാര്‍ഗ്ഗത്തെ കുറിച്ച് ആലോചിച്ചു തുടങ്ങി...!

വളരെപെട്ടെന്നൊരു ദിവസം കുമാരന്‍ നാട്ടില്‍ "കുമാരസ്വാമി"ആയി അവതരിച്ചു..!
ഒരു വെളിച്ചപ്പാട് ആയ കുമാരന് "സ്വാമി"എന്നാ പരിവേഷത്തിന് മാറ്റുകൂട്ടി..!
തരവാട്ടമ്പലത്തില്‍ ചില പൊടിക്കൈകളുമായി തുടങ്ങിവെച്ച പൂജാ മുറകളും , ബാധയോഴിപ്പിക്കലുമായി കുമാരസ്വാമി ഇന്നൊരു സാമ്രാജ്യം തന്നെ പണിതു കഴിഞ്ഞു..!

ബോധമുള്ള ജനത എന്നൂറ്റം കൊള്ളുന്ന ഈ സമൂഹത്തിന്‍റെ മൂക്കിനു താഴെ മനുഷ്യ മനസ്സിനെ വഞ്ചിച്ചു റഫീക്ക് മുസ്ല്യാരും , കുമാര സ്വാമിയും സ്വൈര്യ വിഹാരം നടത്തുമ്പോള്‍ ഇത്തരക്കാരെയെല്ലാം നേരിട്ട് പ്രതിരോധിക്കാന്‍ ശക്തിയില്ലാതെ എന്നെപോലെയുള്ളവര്‍ നിസ്സഹായരായിരിക്കുന്നു...!